രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ വന്‍ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) കേരളത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പല്‍ നിര്‍മാണ രംഗത്തെ ടാറ്റയുടെ നിക്ഷേപ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ വേഗത്തില്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
കാപ്പി ഉല്‍പന്നങ്ങള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ നിര്‍മിക്കുന്ന വിപുലമായ ശൃംഖലയുണ്ടെങ്കിലും, ടാറ്റ ഗ്രൂപ്പ് ഇതുവരെ സ്വതന്ത്രമായി കപ്പല്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം, പുതിയ നിക്ഷേപ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ ശേഷി വലിയ രീതിയില്‍ ഉയര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന നീക്കങ്ങള്‍ക്കിടയിലാണ് ടാറ്റയുടെ ഈ വന്‍ നിക്ഷേപ വാര്‍ത്ത പുറത്തുവരുന്നത്. കപ്പല്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയുമായി സഹകരിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കൊച്ചി, വിഴിഞ്ഞം എന്നിവയോട് ചേര്‍ന്ന് കപ്പല്‍ നിര്‍മാണശാലകളും റിപ്പയറിങ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഈ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ടാറ്റയുടെ വരവ് കൂടുതല്‍ കരുത്തുപകരും.