Auto

ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ കുതിപ്പ്: 5 വർഷത്തിൽ 2.5 ലക്ഷം ഇ.വികൾ, നാഴികക്കല്ലായി നെക്‌സോൺ ഇ.വി

By webdesk18

December 24, 2025

രാജ്യത്തെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നാഴികക്കല്ലുകൾ പിന്നിടുന്നു. 2020ൽ നെക്‌സോൺ ഇ.വി പുറത്തിറക്കിയതിനു പിന്നാലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. ഇതിൽ ഒരു ലക്ഷത്തിലധികം നെക്‌സോൺ ഇ.വികൾ വിറ്റുപോയെന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റ മോട്ടോർസിന്റെ ആധിപത്യം കൂടുതൽ ശക്തമായി.

നെക്‌സോൺ ഇ.വി: ഇന്ത്യയുടെ പ്രിയപ്പെട്ട ഇലക്ട്രിക് കാർ

ഇന്ത്യയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ ഇലക്ട്രിക് കാറെന്ന റെക്കോർഡ് ടാറ്റ നെക്‌സോൺ ഇ.വി സ്വന്തമാക്കി. 2020ൽ വിപണിയിലെത്തിയ ഈ മോഡൽ, 2023 സെപ്റ്റംബറിൽ ലഭിച്ച അപ്‌ഡേറ്റുകളോടെ കൂടുതൽ കരുത്താർജിച്ചു. നിലവിൽ 12.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് നെക്‌സോൺ ഇ.വിയുടെ എക്‌സ്-ഷോറൂം വില.

വൈവിധ്യമാർന്ന ഇലക്ട്രിക് വാഹന നിര

വിവിധ ഉപഭോക്തൃവിഭാഗങ്ങളെ ലക്ഷ്യമിട്ട് ടാറ്റയ്ക്ക് വിപുലമായ ഇലക്ട്രിക് വാഹന നിരയുണ്ട്. താങ്ങാവുന്ന വിലയിൽ ടിയാഗോ ഇ.വി, പഞ്ച് ഇ.വി എന്നിവയും, കൂടുതൽ ആഡംബരം ആഗ്രഹിക്കുന്നവർക്ക് നെക്‌സോൺ ഇ.വി, ഹാരിയർ ഇ.വി എന്നിവയും ലഭ്യമാണ്. ഇതുകൂടാതെ ടിഗോർ ഇ.വി, കർവ് ഇ.വി എന്നീ മോഡലുകളും വിപണിയിലുണ്ട്. ഇന്ധന വാഹനങ്ങളെ (ICE) വേഗത്തിൽ ഇലക്ട്രിക് മോഡലുകളാക്കി മാറ്റിയതാണ് ടാറ്റയുടെ വിജയത്തിന്റെ പ്രധാന കാരണം.

ചാർജിങ് ശൃംഖലയും ഭാവി ലക്ഷ്യങ്ങളും

ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ടാറ്റ മോട്ടോർസ് മുൻപന്തിയിലാണ്. നിലവിൽ രാജ്യത്തുടനീളം 2 ലക്ഷത്തിലധികം ചാർജിങ് പോയിന്റുകൾ ടാറ്റയുടെ ശൃംഖലയിൽ ഉൾപ്പെടുന്നു. ഇതിൽ ഹൈവേകളിലുള്‍പ്പെടെ 100 ‘മെഗാ ചാർജർ’ ഹബുകളും പ്രവർത്തനത്തിലാണ്. 2027ഓടെ പൊതു ചാർജിങ് പോയിന്റുകൾ 30,000 ആയി ഉയർത്താനും 2030ഓടെ ഇത് ഒരു ലക്ഷം പോയിന്റുകളാക്കി വർധിപ്പിക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം.

പുറത്തുവന്ന കണക്കുകൾ പ്രകാരം 84 ശതമാനം ഉപഭോക്താക്കളും തങ്ങളുടെ ഇലക്ട്രിക് വാഹനത്തെ പ്രധാന വാഹനമായി ഉപയോഗിക്കുന്നു. ആദ്യമായി ഇലക്ട്രിക് കാർ വാങ്ങുന്ന 100 പേരിൽ 26 പേരും ടാറ്റയുടെ വാഹനമാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ വാഹനങ്ങളുടെ 50 ശതമാനത്തിലധികം ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാൽ സ്പെയർ പാർട്സ് സംബന്ധിച്ച ആശങ്കകളും ഉപഭോക്താക്കൾക്ക് കുറവാണ്.

ഇലക്ട്രിക് വാഹന വിപണിയിലെ ഈ നേട്ടങ്ങൾ ടാറ്റ മോട്ടോർസിനെ രാജ്യത്തെ ഏറ്റവും ശക്തമായ ഇ.വി ബ്രാൻഡായി കൂടുതൽ ഉറപ്പിക്കുന്നതായാണ് വിലയിരുത്തൽ.