kerala

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നികുതി വെട്ടിപ്പ്: ജി.എസ്.ടി വകുപ്പിന്റെ മിന്നല്‍ പരിശോധന

By webdesk18

October 23, 2025

കൊച്ചി: നികുതി വെട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ പുറത്തുവന്നു. ”ഓപറേഷന്‍ ഹണി ഡ്യൂക്സ്” എന്ന പേരില്‍ സംസ്ഥാനതലത്തില്‍ ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായി.

മൊത്തം 41 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ കൊച്ചിയില്‍ ഒമ്പതിടങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകളില്‍ ഉയര്‍ന്ന ജി.എസ്.ടി തുക ഈടാക്കുകയും, സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയും തട്ടിപ്പ് നടത്തുകയുമായിരുന്നു ചില സ്ഥാപനങ്ങളുടെ രീതി. ഇത്തരത്തില്‍ ഈടാക്കിയ അധിക തുക ഹോട്ടല്‍ അധികൃതര്‍ സ്വകാര്യമാക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.

തുടര്‍ന്ന് പല കേന്ദ്രങ്ങളിലും വരുമാനം കുറച്ച് രേഖപ്പെടുത്തുകയും അതുവഴി കോടികള്‍ വിലമതിക്കുന്ന നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. നേരത്തെ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം നിരീക്ഷണത്തിലുണ്ടായിരുന്ന ചില സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വകുപ്പ് ഉറപ്പു നല്‍കിയത്, പരിശോധനകള്‍ തുടരുമെന്നും, ഉപഭോക്താക്കളില്‍ നിന്ന് അനധികൃതമായി പണം ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കഠിന നടപടി സ്വീകരിക്കുമെന്നും ആണ്.