kerala

‘ടീച്ചര്‍, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പര്‍’; സ്‌കൂള്‍മുറ്റത്ത് കൂലിപ്പണിക്കെത്തിയ ആള്‍ അധ്യാപകനായി

By webdesk14

August 07, 2025

സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നിടെ തൊഴിലാളികളില്‍ ഒരാള്‍ ഇടയ്ക്കിടെ ക്ലാസ്മുറിയിലേക്ക് നോക്കി നില്‍ക്കും. ഇതു ശ്രദ്ധിച്ച പ്രധാനാധ്യാപിക ഷീജ സലിം തൊഴിലാളിയെ വിളിച്ചു വരുത്തി കാര്യം ചോദിച്ചു. ഈരാറ്റുപേട്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിന്നീട് നടന്നത് അപ്രതീക്ഷിതമായ സംഭവം.

‘ടീച്ചര്‍, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പര്‍’. രംഗനാഥന്റെ വാക്കുകള്‍. അധ്യാപിക വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പേര് എം.രംഗനാഥന്‍, വയസ്സ് 36, വി.കെ.സ്ട്രീറ്റ്, കോമ്പൈ വില്ലേജ്, ഉത്തമപാളയം, തേനി. വിദ്യാഭ്യാസം എം എ, എംഎഡ്! സ്വന്തം നാട്ടിലേക്കാള്‍ 300 രൂപ കൂടുതല്‍ കിട്ടുന്നതുകൊണ്ടാണ് കേരളത്തില്‍ കൂലിപ്പണിക്കെത്തിയത്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം നോക്കണം. മിച്ചം കിട്ടുന്ന പണം സ്വരുക്കൂട്ടിവച്ച്, തമിഴ്നാട് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ പരിശീലനത്തിനു ചേരണം. അനുഭവം ഗുരുവാക്കിയ രംഗനാഥനെ ടീച്ചര്‍ ക്ലാസിലേക്ക്് വിളിച്ചു. പ്ലസ് ടു വിദ്യാര്‍ഥികളോട് രംഗനാഥന്‍ അനുഭവം പറഞ്ഞു: കേരളത്തില്‍ കൂലിപ്പണി തുടങ്ങിയിട്ട് ഒരു വര്‍ഷം. കല്ലുപണി, മരപ്പണി, കൃഷിപ്പണി എല്ലാം ചെയ്തു.

പെരുമ്പാവൂരില്‍ കറിപൗഡര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു. അവിടെ നിന്നു മിച്ചം പിടിച്ച തുക കൊണ്ടാണ് എംഎഡ് പൂര്‍ത്തിയാക്കിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മധുര അമേരിക്കന്‍ കോളജില്‍ നിന്നു ഡിഗ്രി, മധുരൈ കാമരാജ് സര്‍വകലാശാലയില്‍നിന്നു തമിഴില്‍ ബിരുദാനന്തര ബിരുദം, മാര്‍ത്താണ്ഡം സെന്റ് ജോസഫ് ടീച്ചര്‍ എജ്യുക്കേഷന്‍ കോളേജില്‍ നിന്ന് എംഎഡ് ഇവയും നേടി.

രംഗനാഥന്റെ കഥകേട്ടു സ്‌കൂള്‍ നിശ്ശബ്ദമായി. അനുഭവം പങ്കുവച്ചശേഷം വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ക്ലാസ്സുമെടുത്തു, രംഗനാഥന്റെ കഥകേട്ടു സ്‌കൂള്‍ നിശ്ശബദമായി. അനുഭവം പങ്കുവച്ചശേഷം വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ക്ലാസ്സുമെടുത്തു രംഗനാഥന്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേ അഭിപ്രായം. രംഗനാഥന്റെയും ടീച്ചിങ് മെത്തേഡ് സൂപ്പര്‍.