EDUCATION

ആർ.എസ്.എസ് ​ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോ​ഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്

By webdesk13

July 21, 2024

കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ യോഗം നടന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍വകലാശാലയെ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ വിമര്‍ശനം.

ജൂലൈ 18നായിരുന്നു കര്‍ണാടക കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ആര്‍.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എക്‌സില്‍  പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാര്‍ഗെ തന്റെ വിമര്‍ശനമറിയിച്ചത്. കല്യാണ കര്‍ണാടക മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാപിച്ചതാണ് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പകരം സര്‍വകലാശാല ഒരു ആര്‍.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാര്‍ഗെയുടെ പരാമര്‍ശം.

കഴിഞ്ഞ ഏതാനും നാളുകളായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ആരോപണങ്ങളെ തള്ളി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആര്‍എസ്.എസ് നിരോധിത സംഘടനയല്ലെന്നും സര്‍വകലാശാലയിലെ ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.