kerala

എസ്.ഐ.ആര്‍; ‘പ്രവാസികളുടെ പേര് ചേര്‍ക്കുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കണം’

By webdesk17

January 10, 2026

എസ്.ഐ.ആറില്‍ പ്രവാസികള്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. 1955-ലെ പൗരത്വ നിയമ ത്തിലെ സെക്ഷന്‍ നാല് പ്രകാരം, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ വിദേശത്ത് ജനിച്ച വ്യക്തിയും പിന്തുടര്‍ച്ചാവകാശം വഴി ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയില്‍ സ്ഥിരതാമ സക്കാരായ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോം 6-ഉം, പ്രവാസികള്‍ ഫോം 6എയുമാണ് സമര്‍പ്പിക്കേണ്ടത്. ഇത്തരം അപേക്ഷകള്‍ ജനുവരി 22ന് മുന്‍പ് സമര്‍പ്പിക്കുകയും വേണം. അതേ സമയം വിദേശ വോട്ടര്‍മാര്‍ ജനനസ്ഥലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോം 6 എയിലും ഓണ്‍ ലൈന്‍ പോര്‍ട്ടലിലും ഗുരുതരമായ പോരായ്മ നിലനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫോം 6 എയിലെ കോളം എഫില്‍ ജനിച്ച സംസ്ഥാനം, ജില്ല, ഗ്രാമം എന്നിവ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ നിലവിലെ ഫോമിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ ഇന്ത്യയ്ക്ക് പുറത്തുള്ള ജനനസ്ഥലം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ലാത്തത് വിദേശത്ത് ജനിച്ച വ്യക്തികളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് 2025 ഡിസംബര്‍ 23നാണ്. ചട്ടപ്രകാരം, പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കരട് പ്രസിദ്ധീകരിച്ച് 15 ദിവസം പിന്നിട്ടിട്ടും പ്രവാസികളുടെ ഈ പ്രശ്നം പരിഹരിച്ചിട്ടില്ല. പ്രവാസികളുടെ ഈ ആശങ്ക നേരത്തെ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. പി.എ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകള്‍ യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വറും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ഭരണഘടനാപരമായ അവകാശം കേവലം സാങ്കേതിക കാരണങ്ങളാല്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.