News

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ‘ടീന്‍ ഇന്‍സ്റ്റ’

By webdesk13

September 18, 2024

പതിനെട്ട് വയസ്സിന് താഴെയുള്ള ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യംവെച്ച് പുതിയ നടപടിയുമായി ഇന്‍സ്റ്റഗ്രാം. ഇത്തരം അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്സിലേക്കാണ് മാറുക. സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കാരണം ഉണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ടീന്‍ അക്കൗണ്ടുകള്‍ വരുന്നത്.

കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളില്‍ ഉണ്ടാകുന്ന ആശങ്ക തനിക്ക് മനസിലാകുമെന്ന് ഇന്‍സ്റ്റ മേധാവി ആദം മൊസേരി പറഞ്ഞു. ‘ഗുഡ് മോണിങ് അമേരിക്ക’യിലാണ് അദ്ദേഹം ഇന്‍സ്റ്റ ലോഞ്ചിനെപ്പറ്റി പറഞ്ഞത്. ആര്‍ക്കൊക്കെ അക്കൗണ്ട് ഉടമയുമായി ആശയവിനിമയം നടത്താനാകും, എന്തൊക്കെ കണ്ടന്റുകള്‍ കാണാനാകും, എത്ര സമയം ഇന്‍സ്റ്റയില്‍ ചെലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ലഭ്യമാകും. നിലവിലെ യൂസേഴ്സിന്റെ അക്കൗണ്ട് 60 ദിവസത്തിനകം ടീന്‍ അക്കൗണ്ടുകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 16 വയസില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് സെറ്റിങ്സ് മാറ്റണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യമായിരിക്കും.

13നും 17നുമിടയില്‍ പ്രായമുള്ള ഉപഭോക്താകള്‍ക്ക് അവരുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വരും. സന്ദേശങ്ങള്‍ അയക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. സെന്‍സിറ്റീവ് ആയ കണ്ടന്റുകള്‍ക്കും നിയന്ത്രണം ഉണ്ടാകും.

പുതിയതായി തുടങ്ങുന്ന 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും നിലവിലുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളും അപ്ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായിരിക്കും ഈ അപ്ഡേറ്റ് വരുക. കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് പിന്നീട് എത്തും.