ന്യൂഡല്‍ഹി: ദുബൈ വ്യോമ പ്രദര്‍ശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് റിപ്പോര്‍ട്ട്.
ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.
ദുബൈ ആല്‍ മക്തൂം വിമാനത്താവളത്തില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ വെള്ളയാഴ്ചയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്‍ന്നുവീണത്.