നിര്‍ണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പ് ആയിരുന്നു. ആകെ തിരഞ്ഞെടുപ്പ് നടന്ന 2,996 വാര്‍ഡുകളില്‍ 1,537-ഓളം സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടി. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളില്‍ 83 എണ്ണത്തിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. കൂടാതെ, വോട്ടെടുപ്പ് നടന്ന ഏഴു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ അഞ്ചിലും കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. മഞ്ചേരിയല്‍, രാമഗുണ്ടം, നല്‍ഗൊണ്ട കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയപ്പോള്‍, കോത്തഗുഡത്ത് സഖ്യകക്ഷിയായ സിപിഐയുടെ സഹായത്തോടെ അധികാരം പിടിക്കാനാണ് നീക്കം.
മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആര്‍എസ്) നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. 2020-ലെ തിരഞ്ഞെടുപ്പില്‍ 1,600-ല്‍ പരം വാര്‍ഡുകള്‍ ഉണ്ടായിരുന്ന ബിആര്‍എസ് ഇത്തവണ 781 സീറ്റുകളിലേക്ക് ചുരുങ്ങി. വടക്കന്‍ തെലങ്കാനയിലെ തങ്ങളുടെ കോട്ടകള്‍ പലതും കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു.
ദേശീയ തലത്തില്‍ ഇവിഎമ്മുകളെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ, ബാലറ്റ് പേപ്പറില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ സഖ്യത്തിന് വലിയ ആവേശം നല്‍കുന്നതാണ്. വോട്ടുകള്‍ കൃത്യമായി എണ്ണപ്പെടുന്നുവെന്നും അട്ടിമറികള്‍ക്ക് സാധ്യതയില്ലെന്നും ബാലറ്റ് പേപ്പര്‍ തെളിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. ഇവിഎമ്മിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന ഫലമാണ് തെലങ്കാനയിലേതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടക്കാട്ടുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡല്‍ഹിയിലെത്തി പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ കണ്ട് ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കിട്ടു.