മുസ്ലിംകള്‍ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംകള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇയാള്‍. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഘടന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകളുണ്ട്.
”ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഇതില്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. അതീവരഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവര്‍ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം”- രാജാ സിങ് പറഞ്ഞു.
അതേസമയം അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദില്‍ ഹുസൈന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടു. ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ റാവു പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജന്‍ റാവു ആവശ്യപ്പെട്ടു.