തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് സ്‌കൂള്‍ അവധി നാളെ മുതല്‍ തുടങ്ങും. ഇത്തവണ 10 അല്ല, 12 ദിവസമാണ് ക്രിസ്മസ് അവധി. ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഡിസംബര്‍ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ ഇന്ന് അവസാനിക്കും.
ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.