ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

18 ലക്ഷം ഫലസ്തീനികളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെടുത്തി രണ്ടാംകിട പൗരന്മാരായി കാണുന്ന നിയമം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആദ്യമായാണ് ഇസ്രാഈലില്‍ ഫലസ്തീനികളും ജൂതരും ഒന്നിച്ച് ഒരുകാര്യത്തിനുവേണ്ടി പോരാടുന്നത്. ജനാധിപത്യത്തിലും സമത്വത്തിലും വിശ്വാസിക്കുന്ന എല്ലാവര്‍ക്കും ഈ നിമിഷം വളരെയേറെ പ്രധാനമാണ്. നിയമത്തിനു കീഴില്‍ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന അവസ്ഥ ഉണ്ടാകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇസ്രാഈലില്‍ എല്ലാവര്‍ക്കുമുള്ളതുപോലെ ജൂതര്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നിരിക്കെ എന്തിനാണ് അവര്‍ക്ക് മാത്രമായി ഒരു നിയമമെന്ന് ഡാന്‍ മീരി എന്ന പ്രതിഷേധക്കാരന്‍ ചോദിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കഴിഞ്ഞ മാസമാണ് ഇസ്രാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചത്.

ഹീബ്രുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച നിയമം അറബിയെ തരംതാഴ്ത്തിയിരുന്നു. നേരത്തെ ഹീബ്രുവും അറബിയും ഔദ്യോഗിക ഭാഷകളായിരുന്നു. പുതിയ നിയമം അറബി ഭാഷക്കും വംശജര്‍ക്കും എതിരെയുള്ളതാണെന്ന് ഉമര്‍ സുല്‍ത്താന്‍ എന്ന ഫലസ്തീന്‍ വംശജന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞയാഴ്ച ഡ്രൂസ് ന്യൂനപക്ഷ വിഭാഗം ടെല്‍അവീവില്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു. ടെല്‍അവീവിന്റെ ഹൃദയഭാഗത്ത് ഉയര്‍ന്നിരിക്കുന്നത് പി.എല്‍.എ പതാകകളാണെന്ന് ആരോപിച്ച് നെതന്യാഹുവും പ്രക്ഷോഭത്തെ വിമര്‍ശിച്ചു. ഇസ്രാഈല്‍ രാഷ്ട്രത്തിലും പതാകയിലും ദേശീയ ഗാനത്തിലും തങ്ങള്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.