ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.
കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു