ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ബില്ലാവര്‍ പ്രദേശത്തെ നാട്ട് വനമേഖലയില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായി സുരക്ഷാ സേന വ്യാപക തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാനില്‍ ആസ്ഥാനമുള്ള ജെയ്ഷെ മുഹമ്മദ് സംഘടനയിലെ പ്രവര്‍ത്തകരാണ് വെടിവെപ്പിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഹോഗ് വനമേഖലയിലെ കാമദ് നല്ലയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുനിന്നാണ് ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്. ഭീകരരെന്ന് സംശയിക്കുന്നവര്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം ഏതാനും വെടിയുതിര്‍ത്തതായും സൈന്യം ഉടന്‍ തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. കത്വ ജില്ലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു.
പ്രദേശത്ത് രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനു മുന്‍പും കത്വ ജില്ലയിലെ കാമദ് നല്ല മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ ആഴ്ച മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു അന്നത്തെ വെടിവെപ്പ്.