ബിഗ് ബാഷ് ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും കടുത്ത വിമര്‍ശനം നേരിടുന്നു. ട്വന്റി 20 ഫോര്‍മാറ്റിന് യോജിക്കാത്ത മന്ദഗതിയിലുള്ള ബാറ്റിങ് സമീപനമാണ് ഇരുവര്‍ക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. സിഡ്ണി തണ്ടറിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെഗേഡ്‌സിന് വേണ്ടി ബാറ്റ് ചെയ്ത മുഹമ്മദ് റിസ്വാന്‍ 23 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടിയത്. സട്രൈക്ക് റേറ്റ് 113ല്‍ നില്‍ക്കുന്നതിനിടെയാണ് 18ാം ഓവറില്‍ നായകന്‍ വില്‍ സതര്‍ലന്‍ഡ് റിസ്വാനെ റിട്ടയേര്‍ഡ് ഔട്ടായി ഡഗൗട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.
ട്വന്റി 20 മത്സരത്തില്‍ ആവശ്യമായ വേഗതയില്ലാത്ത ബാറ്റിങ്ങാണ് ഈ അപൂര്‍വ തീരുമാനത്തിന് കാരണം. ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 167 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാനായില്ല. സട്രൈക്ക് റേറ്റ് 101. 164 പന്തുകള്‍ നേരിട്ട റിസ്വാന്‍ ബിഗ് ബാഷില്‍ ഒരു സിക്‌സ് മാത്രമാണ് അടിച്ചത്. സമാന അവസ്ഥയിലാണ് സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കുന്ന ബാബര്‍ അസമും. 2025-26 ബിഗ് ബാഷ് സീസണിലെ ഏറ്റവും വിലയേറിയ വിദേശ താരമായി 4.2 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) നല്‍കി ബാബറിനെ സിഡ്‌നി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 164 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. സട്രൈക്ക് റേറ്റ് 104. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും അവയും 38, 41 പന്തുകളില്‍ നിന്നാണ്-സീസണിലെ ഏറ്റവും മന്ദഗതിയിലുള്ള ഇന്നിങ്‌സുകളില്‍ ഉള്‍പ്പെടുന്നത്. ബിഗ് ബാഷില്‍ ഇതുവരെ ബാബര്‍ നേടിയത് 15 ബൗണ്ടറികള്‍ മാത്രം-12 ഫോറും മൂന്ന് സിക്‌സും. ബാറ്റിങ് വേഗതയുടെ അഭാവം ടീമിലെ മറ്റ് താരങ്ങള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ കമന്ററി ബോക്‌സില്‍ നിന്ന് ബാബറുടെ ശൈലിയെ തുറന്നടിച്ചിരുന്നു.
റിസ്വാനും ബാബറും ബിഗ് ബാഷില്‍ എത്തിയത് വന്‍ പ്രതീക്ഷകളോടെയായിരുന്നെങ്കിലും, ലീഗ് പുരോഗമിക്കുമ്പോള്‍ ഇരുവരുടെയും സംഭാവന നിരാശാജനകമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ പോലും ഇരുവരുടെയും സ്ഥാനം അനിശ്ചിതമാണെന്ന സൂചനകളാണ് നിലവിലെ പ്രകടനം നല്‍കുന്നത്. ട്വന്റി 20 ക്രിക്കറ്റ് അതിവേഗതയുടെയും ആക്രമണത്തിന്റെയും കാലഘട്ടത്തിലേക്ക് കടന്നിരിക്കെ, പഴയ ശൈലിയില്‍ പിടിച്ചുനില്‍ക്കുന്ന റിസ്വാനും ബാബറും ഫോര്‍മാറ്റിനോട് വഴങ്ങുന്നുണ്ടോയെന്ന ചോദ്യം ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നു.