ബാങ്കോക്ക്: തയ്‌ലന്റിലെ ഫുക്കറ്റ് ദ്വീപില്‍ ബോട്ട് മുങ്ങി 27 വിനോദ സഞ്ചാരികള്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. 27 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഫുക്കറ്റ് ദ്വീപിലേക്ക് യാത്രക്കാരുമായി പോകവെയാണ് ബോട്ട് അപകടത്തില്‍പെട്ടത്. യാത്രാമധ്യേ അഞ്ച് മീറ്റര്‍ ഉയരത്തില്‍ വന്ന തിരമാലകളില്‍ ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. തീരത്തു നിന്നും ഏഴ് കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം നടന്നത്. 40 മീറ്ററോളം ആഴമുള്ള പ്രദേശമാണിത്.105 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 93 പേര്‍ ചൈനയില്‍ നിന്നുള്ള വരും 12 പേര്‍ തയ്‌ലന്റുകാരുമാണ്. ടൂറിസ്റ്റ് ഗൈഡും ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍പെട്ട ഒട്ടേറെ പേരെ രക്ഷപെടുത്തിയതായി നേവി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാണാതായവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഒന്‍പത് ചൈനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേവി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫുക്കറ്റ് മറൈന്‍ പൊലീസ് പറഞ്ഞു.
ബോട്ട് റജിസ്റ്റര്‍ ചെയ്തതാണെന്നും അമിതമായി ആളെ കയറ്റിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചു. കനത്ത മഴയും ശക്തമായ കാറ്റുമാണ് തീരത്ത്. മണ്‍സൂണ്‍ കാലമായതിനാല്‍ കടലില്‍ ശക്തമായ തിരമാലകള്‍ വീശിയടിക്കുന്നുണ്ട്.