News
തായ്ലൻഡ്–കംബോഡിയ സംഘർഷം രൂക്ഷം; റോക്കറ്റ് ആക്രമണത്തിൽ 63കാരൻ കൊല്ലപ്പെട്ടു, വീടുകൾ കത്തി നശിച്ചു
ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
തായ്ലൻഡിൽ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ഞായറാഴ്ചയും സംഘർഷം തുടർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി തായ്ലൻഡും കംബോഡിയയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണങ്ങളിൽ അതിർത്തിയുടെ ഇരു വശങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
സംഘർഷം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലധികം പേർ വീടുവിട്ടു കുടിയിറക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി മേഖലയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
kerala
നടിയെ ആക്രമിച്ച കേസിലെ വിധി കടുത്ത നിരാശയെന്ന് ഡബ്ല്യുസിസി
എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). എട്ടരവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന വിധി കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ലെന്നും കരുതലല്ലെന്നും സംഘടന വിമർശിച്ചു.
പെൺകേരളത്തിന് ഈ വിധി നൽകുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനകമായ സന്ദേശമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. വിധി സൂക്ഷ്മമായി പഠിച്ച ശേഷം തുടർനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പോരാട്ടം തുടരുമെന്നും സംഘടന അറിയിച്ചു.
ഇതിനിടെ, വിധിയിൽ അത്ഭുതമില്ലെന്നും വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്നും അവർ പറഞ്ഞു. 2020ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും, കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അന്വേഷണം അടുക്കുമ്പോൾ മാത്രം കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിച്ചുവെന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
News
മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.
ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.
ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം
india
ബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
ജമ്മു–കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നടപ്പാക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരാർ ഏറ്റെടുത്ത ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജീനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
3700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2026ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പദ്ധതി രണ്ടുവർഷം പിന്നിലായതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് പ്രധാന ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എയുടെ അനുയായികളും പ്രാദേശിക പാർട്ടി പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഇതിനൊപ്പം, തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്വന്തം ആളുകളെ ജോലിക്ക് എടുക്കണമെന്ന് നിർബന്ധിക്കുന്നതായും കമ്പനി ആരോപിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, തുടർന്ന് കമ്പനിയ്ക്കെതിരെ ഭീഷണികൾ വർധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തിൽ പദ്ധതി 2028ലാണ് പൂർത്തിയാക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പദ്ധതി വീണ്ടും വൈകുകയോ പൂർണമായി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്യുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
പദ്ധതിക്കായി നിയമിച്ച 1434 തൊഴിലാളികളിൽ 960 പേർ കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരും 220 പേർ സമീപത്തെ ദോഡ ജില്ലയിൽ നിന്നുള്ളവരുമാണെന്നും, എന്നാൽ ഇവരിൽ പകുതിയിലധികം പേർക്ക് ആവശ്യമായ തൊഴിൽപരിചയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്തിന് അതിപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും, രാഷ്ട്രീയ വൈരാഗ്യങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ അധികാരികളെ കമ്പനി അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
-
india7 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
