ബാങ്കോക്ക്: പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിനിടെ അശ്ലീല ചിത്രം നോക്കിയിരുന്ന തായ്‌ലാന്‍ഡ് എംപി വിവാദത്തില്‍. ചോന്‍ബുരി പ്രവിശ്യയിലെ ഭരണകക്ഷി എംപി റൊന്നതേപ് അനുവത് ആണ് വിവാദത്തില്‍പ്പെട്ടത്. ഇദ്ദേഹം നീലച്ചിത്രം പരതുന്നത് മാധ്യമങ്ങളുടെ കണ്ണില്‍പ്പെടുകയായിരുന്നു.

പത്തു മിനിറ്റോളം എംപി ചിത്രത്തില്‍ നോക്കിയിരുന്നു എന്ന് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നന്നായി കാണാനായി മുഖത്തെ ഫേസ്മാസ്‌കും മാറ്റിവച്ചു. ചിത്രം കണ്ടതായി എംപി സമ്മതിച്ചു. സഹായം ചോദിച്ച് ലൈന്‍ ആപ്ലിക്കേഷനില്‍ ലഭിച്ച ഒരു സന്ദേശമാണ് നോക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

സഹായം ചോദിച്ചാണ് യുവതി സന്ദേശമയച്ചത്. എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ പണമാണ് അവരുടെ ആവശ്യമെന്നു വ്യക്തമായി. ഇതോടെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അധികൃതര്‍ അനുവത്തില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പരാതികളില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല. ഇത് വ്യക്തിപരമായ കാര്യമാണെന്നും പാര്‍ലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്വവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ല എന്നും സ്പീക്കര്‍ ചുവാന്‍ ലീക്‌പൈ വ്യക്തമാക്കി.