india

താജ്മഹലില്‍ കാവിക്കൊടി; ഹിന്ദുത്വ സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍

By web desk 1

January 05, 2021

ലക്‌നൗ: താജ്മഹല്‍ അങ്കണത്തില്‍ കാവിക്കൊടി വീശിയ തീവ്ര ഹിന്ദുത്വ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. കൊടി രഹസ്യമായി താജ്മഹലിലെത്തിച്ച് മുമ്പിലെ ഇരിപ്പിടത്തില്‍ വച്ച് സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ച് ഉയര്‍ത്തുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിലെ കുറ്റക്കാരായ നാലു പേര്‍ക്കെതിരെ കേസെടുത്തു.

സംഘത്തിലെ മൂന്നു പേര്‍ ചേര്‍ന്നാണ് പതാക വീശുന്നത്. ഒരാള്‍ ഇത് ദൃശ്യങ്ങളില്‍ പകര്‍ത്തുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഹിന്ദു ജാഗരണ്‍ മഞ്ചിലെ യുവജന വിഭാഗത്തില്‍ പെട്ടവരാണ് കൊടി ഉയര്‍ത്തിയത്.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഗൗരവ് തല്‍വാര്‍, ഋഷി ലവാനിയ, സോനു ബാഗേല്‍, വിശേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. യൂട്യൂബില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ലഭിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്.

സിഐഎസ്എഫിന്റെ പരാതിയില്‍, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), ക്രിമിനല്‍ നിയമ ഭേദഗതി നിയമത്തിലെ സെക്ഷന്‍ 7 എന്നിവ പ്രകാരം കേസെടുത്തു.