kerala

താമരശ്ശേരി ഷിബില കൊലക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു

By webdesk18

April 09, 2025

കോഴിക്കോട് താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു. കണ്ണൂര്‍ ഡിഐജി യതീഷ് ചന്ദ്രയാണ് നൗഷാദ് കെ കെയെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രതി യാസിറിനെതിരെ പരാതി നല്‍കിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് നിഷ്‌ക്രിയത്വം ഉണ്ടായെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്ത് ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.