ന്യൂഡല്‍ഹി: പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ വിയോഗം മുസ്ലിംലീഗിനും കേരള ജനതക്കും കനത്ത ആഘാതമാണുണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതു സാധാരണക്കാരനും ഏതു സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്‍ത്തകനായിരുന്നു സ്നേഹത്തോടെ കാസര്‍കോട്ടുകാര്‍ വിളിച്ചിരുന്ന റദ്ദുച്ച.

സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്‍കോടിന് പുറത്തുള്ളവര്‍ക്കും ബോധ്യമായത്.- തങ്ങള്‍ പറഞ്ഞു.

കാസര്‍കോടിന്റെ വികസനത്തില്‍ അബ്ദുല്‍റസാഖ് സാഹിബിന്റെ കയ്യൊപ്പുണ്ട്. സമൂഹത്തിനും സമുദായത്തിനും അവശര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുസ്‌ലിം ലീഗിന്റെ നയ നിലപാടുകള്‍ മുറുകെ പിടിച്ച് പ്രതിസന്ധികളില്‍ പതറാതെ നയിച്ചു അദ്ദേഹം.

മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ പണക്കൊഴുപ്പിനെയും പ്രചാര വേലകകളെയും ജനകീയതകൊണ്ട് മറികടന്ന റദ്ദുച്ചയും, ചെര്‍ക്കളം സാഹിബിന് പിന്നാലെ നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. – തങ്ങള്‍ പറഞ്ഞു.