ന്യൂ ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ മോദി സ്വാഗതം ചെയ്തു. പിന്നാലെ രാജ്യത്തെ 140 കോടി ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ ഇനി മുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുടെ ഈ പുതിയ തീരുമാനം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. മോദിയെ തന്റെ ‘ഉറ്റ സുഹൃത്ത്’ എന്നും ലോകത്തെ കരുത്തുറ്റ നേതാവെന്നും വിശേഷിപ്പിച്ച ട്രംപ്, ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.