film

ബൈലോ പ്രകാരം മത്സരിക്കാന്‍ താന്‍ യോഗ്യയാണ്; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയില്‍

By webdesk17

August 05, 2025

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയില്‍ സാന്ദ്ര തോമസ് ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

രണ്ട് സിനിമകള്‍ മാത്രമേ സാന്ദ്ര തോമസ് നിര്‍മിച്ചിട്ടുള്ളു എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സാന്ദ്ര തോമസിന്റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. പിന്നാലെ ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിര അംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം.

തന്റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നും താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി. പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കി.