Article

വീണുപോയിട്ടില്ല, ആ തണല്‍മരം

By Akhila

February 13, 2026

ഡോ. അബ്ദുല്‍ സമദ്

ഖത്തറിലെ പ്രവാസികള്‍ ഇപ്പോഴും ആ ആഘാതത്തില്‍നിന്ന് മുക്തരായിട്ടില്ല. ഓരോ സാംസ്‌കാരിക പരിപാടികള്‍ നടക്കുമ്പോഴും ഈസക്ക അരികിലുള്ളത് പോലെ തോന്നും. ആ വിയോഗത്തിന് ഒരാണ്ട്. ഈസക്കയെ ഓര്‍ക്കാതെ ഖത്തറിലെത്തുന്ന ഒരു കലാകാരനും മടങ്ങാറില്ല. അത്രത്തോളം അവരുടെ ജീവിതവുമായി അടുത്ത് ഇടപഴകിയ ആളായിരുന്നു കെ. മുഹമ്മദ് ഈസ എന്ന ഈസക്ക. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനും സ്‌നേഹത്തിനും ഉഴിഞ്ഞുവെച്ച മനുഷ്യന്‍. അതായിരുന്നു ഈസക്ക. പരിചയപ്പെട്ടവരെല്ലാം ആ സ്‌നേഹ സ്പര്‍ശം അറിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെയായിരുന്നു.

സഹായം അര്‍ഹിക്കുന്നവരിലേക്ക് യാതൊരു പിശുക്കും കൂടാതെ സഹായമെത്തിച്ചു. അസാധാരണ വ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന ആളായിരുന്നു അദ്ദേഹം. ഈസക്കയുടെ സ്മരണികയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ആ വ്യക്തിത്വത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കൂടുതല്‍ ബോധ്യപ്പെട്ടത്. ചെറുപ്പത്തിലെ കൂട്ടുകാര്‍ മുതല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്ലാം പറയാനുണ്ടായിരുന്നത് സ്‌നേഹത്തിന്റെ കഥകള്‍ മാത്രം. അദ്ദേഹം വിടവാങ്ങി എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി പേരെ കണ്ടു.

അവരുടെ കണ്ണുകളിലെ സങ്കടം കണ്ടു. ഏതെങ്കിലും നിലക്ക് ഈസക്കയുടെ സഹായം കിട്ടിയവരായിരുന്നു അവരെല്ലാം. പൊള്ളാച്ചിയിലെ ബാല്യവും കൗമാരവും ആ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. നാഗൂര്‍ ഹനീഫ ഉള്‍പ്പെടെ നിരവധി ഗായകരുടെ ഇഷ്ടക്കാരനായി മാറിയ അദ്ദേഹം തമിഴ് ഗാനങ്ങള്‍ മനോഹരമായി പാടുമായിരുന്നു. കായിക മേഖലയിലും ഈസക്കയുടെ കയ്യൊപ്പ് പതിഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടകനായി ചെറുപ്പക്കാരെപോലെ ഈസക്ക മുന്നില്‍നിന്നു. ഹൃദയത്തെ പിടിച്ചുകുലുക്കിയ വിടവാങ്ങല്‍ എന്നു ഈസക്കയുടെ വിയോഗത്തെ വിശേഷിപ്പിക്കാവുന്നതാണ്. പെരിന്തല്‍മണ്ണയില്‍ ഉയരുന്ന ചാരിറ്റി ടവര്‍ ഈസക്കയുടെ ഓര്‍മകളെ നിലനിര്‍ത്തുന്ന ആസ്ഥാനമായിരിക്കും. അതിനേക്കാളുപരി അദ്ദേഹത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അദ്ദേഹം അമരനായി ജീവിക്കും എന്ന കാര്യത്തില്‍ സംശയമില്ല.