kerala

67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള മത്സര ഇനങ്ങള്‍ക്ക് ഇന്ന് തുടക്കം

By webdesk18

October 22, 2025

തിരുവനന്തപുരം: ഒളിംപിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനം ഒരുങ്ങിയിരിക്കുന്നു. ഇന്നാണ് ഇന്‍ക്ലൂസീവ് മത്സര ഇനങ്ങളുടെ തുടക്കം. സംസ്ഥാനത്തെ 12 വേദികളിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന ഏകദേശം 1500 കുട്ടികളാണ് ഇന്‍ക്ലൂസീവ് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത്. അത്ലറ്റിക്സ്, ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങി ആറ് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി ബോഷേ, ആള്‍ക്കുട്ടികള്‍ക്കായി ക്രിക്കറ്റ് എന്നീ രണ്ട് പുതിയ ഇനങ്ങള്‍ ഇത്തവണ മത്സരപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചില മത്സര വേദികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരം വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിലേക്കും, പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്.

മഴയേയും വെല്ലുവിളികളേയും മറികടന്ന്, വിദ്യാര്‍ത്ഥികളുടെ ആവേശത്തോടും പങ്കാളിത്തത്തോടും കൂടി സംസ്ഥാന കായികമേളയ്ക്ക് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.