india

ഭരണഘടനയുടെ 75 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

By webdesk17

November 26, 2024

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രി, ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ക്കായി വായിക്കും. സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്ട്രപതി പ്രകാശനം ചെയ്യും.

സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യം പങ്കെടുക്കും.

75ാം വാര്‍ഷികത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടത്തും. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.