india

‘പാഠഭാഗങ്ങള്‍ നീക്കിയ നടപടി ചരിത്രബോധം കവര്‍ന്നെടുക്കാന്‍’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി

By webdesk17

August 19, 2025

എന്‍.സി.ഇ.ആര്‍.ടിയുടെ ചരിത്രപാഠപുസ്തകങ്ങളില്‍ നിന്ന് നിര്‍ണ്ണായകമായ ഭാഗങ്ങള്‍ നീക്കിക്കളഞ്ഞും വസ്തുതകള്‍ വളച്ചൊടിച്ചുകൊണ്ടും സ്വീകരിച്ച നടപടി വിദ്യാര്‍ത്ഥികളില്‍ നിന്ന് സത്യസന്ധമായ ചരിത്രബോധം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ ബഹുസ്വരപാരമ്പര്യം അതിന്റെ സമഗ്രതയോടെ പാഠ്യക്രമത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. സമ്മിശ്ര സംസ്‌കാരത്തെ സംബന്ധിച്ച ഭരണഘടനാപരമായ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പിന്‍വലിച്ച പാഠഭാഗങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

നമ്മുടെ ഭരണഘടനയുടെ മുഖവുരയില്‍ത്തന്നെ അടങ്ങിയിട്ടുള്ള നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ തത്ത്വങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സാംസ്‌കാരികമായ കൂടിച്ചേരലുകളിലൂടെ രൂപപ്പെട്ടതാണ്. ഫിറാഖ് ഗോരഘ്പുരിയുടെ എന്നെന്നും സ്മരിക്കപ്പെടുന്ന കാവ്യശകലത്തില്‍ പറയുന്നതുപോലെ, ‘ഇന്ത്യയുടെ മണ്ണില്‍ ജനപദങ്ങളുടെ യാത്രാസംഘങ്ങള്‍ വന്നു പാര്‍ത്തുകൊണ്ടേയിരുന്നു; ഹിന്ദുസ്താന്‍ രൂപം പ്രാപിച്ചുകൊണ്ടേയിരുന്നു ‘ (സര്‍ സമീനെ – ഹിന്ദ് പര്‍ അഖ് വാമെ – ആലം കെ ‘ഫിറാഖ് ‘ ; ഖാഫിലെ ബസ്‌തേ ഗയേ, ഹിന്ദുസ്താന്‍ ബന്‍താ ഗയാ)

മുഗള്‍ ഭരണത്തെയും ടിപ്പുസുല്‍ത്താനെയും സംബന്ധിച്ച നിര്‍ണ്ണായകമായ അദ്ധ്യായങ്ങളാണ് ചരിത്രപാഠപുസ്തകങ്ങളില്‍ നിന്ന് നീക്കിക്കളഞ്ഞത്. എല്ലാവരോടും സൗഹൃദം (സുല്‍ഹെ -കുല്‍) എന്നതായിരുന്നു മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ നയം. ടിപ്പുസുല്‍ത്താനാകട്ടെ മതവിശ്വാസങ്ങള്‍ക്കിടയില്‍ മമതയാണ് കൈക്കൊണ്ടത്. രാജ്യത്തിന്റെ വൈവിദ്ധ്യത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന ഐക്യത്തിന്റെ പാഠങ്ങളാണ് ഇവരുടെ ചരിത്രങ്ങള്‍ പ്രദാനം ചെയ്തത്. ഈ ചരിത്രാഖ്യാനങ്ങളുടെ തമസ്‌കരണം യുവമനസ്സുകളെ ദരിദ്രമാക്കും. വില്‍ ഡുറന്റ് പ്രസ്താവിച്ചതുപോലെ, ‘യഥാര്‍ത്ഥ വിപ്ലവം മനസ്സിന്റെ പ്രബുദ്ധതയിലും സ്വഭാവരൂപീകരണത്തിലുമാണ് കുടികൊള്ളുന്നത്; ശരിയായ വിപ്ലവകാരികള്‍ തത്ത്വചിന്തകരും ആത്മീയാചാര്യന്മാരുമാണ് ‘. യഥാര്‍ത്ഥ രാജ്യസ്‌നേഹം ആവശ്യപ്പെടുന്നത് ചരിത്രത്തെ അതിന്റെ സാകല്യത്തില്‍ അഭിമുഖീകരിക്കാനാണ്, അതായത് ചരിത്രത്തിലെ മേന്മകളെയും വെല്ലുവിളികളെയും. അതിനാല്‍ ചരിത്രം തിരുത്തിയെഴുതാന്‍ പ്രത്യയശാസ്ത്രത്തെ അനുവദിച്ചുകൂടാത്തതാണെന്ന് സമദാനി പറഞ്ഞു.