kerala

ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നു : മുനവ്വറലി ശിഹാബ് തങ്ങൾ

By webdesk14

October 15, 2024

കോഴിക്കോട് : ഭരണകൂടം ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് ന്യായമായ സമരം ചെയ്തവരെ ജയിലിലടക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജയിൽ മോചിതരായ യു.ഡി.വൈ.എഫ് നേതാക്കൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ഫാസിസവുമായി കൂട്ട് ചേർന്ന് കേരളത്തെ വിദ്വേഷ പ്രദേശമാക്കാനുള്ള ശ്രമം ഇടത് പക്ഷത്തിൻ്റെ പ്രത്യയശാസ്ത്ര പരാജയമാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം തകർച്ചയിലായ കേരളത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ന്യായമായ സമരങ്ങള അടിച്ചമർത്താനും നേതാക്കളെ ജയിലിലടക്കാനും ഉത്സാഹം കാണിക്കുന്ന സർക്കാർ, അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ പൊലീസിനെ കൂട്ടുപിടിച്ച് നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പോലും താറുമാറാക്കുന്ന തരത്തിൽ ഭരണം തുടരുന്ന സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്തി കൊണ്ട് വരുമെന്നും തങ്ങൾ കൂട്ടി ചേർത്തു.