പി.എം ശ്രീയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇടതുമുന്നണി. സാമ്പത്തികമായ നേട്ടത്തിനപ്പുറം സൈദ്ധാന്തികമായ ബാന്ധവംകൂടി മറനീക്കിപ്പുറത്തുവന്ന ഈ ഒപ്പിടലുമായി ബന്ധപ്പെട്ട് സി.പി.എം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടുകയാണെങ്കില്‍ ഒരു പ്രതികരണത്തിനുപോലും അശക്തമായിപ്പോയ മുന്നണിയിലെ ഘടകകക്ഷികള്‍ തീര്‍ത്തും പരിഹാസ്യരായി മാറിയിരിക്കുകയാണ്. ഇത്രയും പ്രക്ഷുബ്ധമായൊരു രാഷ്ട്രീയ സാഹചര്യത്തില്‍ പോലും ഒന്നു വാതുറക്കാന്‍പോലും കഴിയാത്തരീതിയില്‍ സി.പി.എമ്മിന്റെ റാന്‍മൂളികളായിപ്പോയ ഈ പാര്‍ട്ടികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഇനിയെന്തു പ്രസക്തി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയെക്കുറിച്ച് ‘എന്തു സി.പി.ഐ’ എന്ന എം.വി ഗോവിന്ദന്റെ ചോദ്യം ആ മുന്നണിയിലെ നിലവിലെ സാഹചര്യ ങ്ങള്‍ക്ക് അടിവരയിടുകയാണ്. സി.പി.ഐയെ വിശ്വാസത്തിലെടുക്കുമെന്ന് പ്രസ്താവനയിറക്കിയ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും തൊട്ടുപിറ്റേദിവസം തന്നെ മലക്കം മറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ജനങ്ങളെ മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷികളെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് പി.എം ശ്രീ പദ്ധതിയില്‍ സി.പി.എം ഒപ്പിട്ടിരിക്കുന്നത് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. മന്ത്രിസഭയിലോ, മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഗൗരവതരമായി വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ പൊട്ടിത്തെറികളുണ്ടാകുമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം അജ്ഞാതമായ കാര്യമല്ല. എന്നിട്ടും അനുനയത്തിന്റെ മാര്‍ഗം സ്വീകരിക്കാതെ ഇങ്ങനെയൊരു രീതി സ്വീകരിച്ചു എന്ന ചോദ്യ ത്തിന്റെ ഒന്നാമത്തെ ഉത്തരം മുന്നണിയിലെ മറ്റുപാര്‍ട്ടികള്‍ക്ക് സി.പി.എം പുല്ലുവില കല്‍പ്പിക്കുന്നില്ല എന്നതാണ്. മുന്നണികണ്‍വീനറെ മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയെ പോലും ഇരുട്ടില്‍ നിര്‍ത്തിയുള്ള ഈ തീരുമാനത്തില്‍ ഘടക കക്ഷികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെങ്കിലും സി.പി.എമ്മിന്റെ പൊറാട്ടു നാടകങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. സി.പി.ഐയെ അനുയയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നത്. എം.എ ബോബി, ഡി. രാജയെയും വി.ശിവന്‍കുട്ടി ബിനോയ് വിശ്വത്തെയും കണ്ടത് ഈ നീക്കങ്ങളുടെ ഭാഗമാണ്.
പ്രശ്‌നങ്ങള്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത്് പരിഹാരം കാണുമെന്നായിരുന്നു ഡി. രാജയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ബേബിയുടെ മറുപടി. ഉന്നയിച്ച വി ഷയങ്ങളിലൊന്നും ബേബിക്ക് ഒരു മറുപടിയുമില്ലെന്ന് രാജ കൂടിക്കാഴ്ച്ചയെക്കുറിച്ച് ദേശീയ നിര്‍വാഹക സമിതിയില്‍ റിപ്പര്‍ട്ട് ചെയ്യുകയുമുണ്ടായി. അശക്തിയും നിസഹായാവസ്ഥയുമാണ് ബേബി പ്രകടിപ്പിച്ചതെന്നായിരുന്നു ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെയും പ്രതി കരണം. സി.പി.ഐ ആസ്ഥാനത്തെത്തി ബിനോയിവിശ്വവുമായി ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയും സമാനം തന്നെയായിരുന്നു. കരാര്‍ റദ്ദാക്കുകയെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സി.പി.ഐയോട് ധാരണാപത്രത്തില്‍ നിന്ന് പിറകോട്ട് പോകുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടാണ് ശിവന്‍കുട്ടി സ്വീകരിച്ചത്. ധാരണാപത്രവും വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളും കൈയ്യില്‍വെച്ചെത്തിയ ശിവന്‍കുട്ടിയുടേത് കേവലം ട്രിപ്പീസുകളി മാത്രമായിരുന്നുവെന്നതാണ് വാസ്തവം. ഇന്ന് സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി നടക്കുന്നതും ഈ നാടകങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. അതേസമയം പാര്‍ട്ടിയും സര്‍ക്കാറും എന്തു തീരുമാനമെടുത്താലും സി.പി.ഐയെന്നല്ല, മുന്നണിയിലെ ഒരു പാര്‍ട്ടിക്കും മറിച്ചൊരുഭിപ്രായം രേഖപ്പെടുത്താനാവില്ല എന്ന ധിക്കാരമാണ് സി.പി.എമ്മിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മറ്റാരെക്കാളും അറിയാവുന്നതാവട്ടെ ഇതേ ഘടക കക്ഷികള്‍ക്കുതന്നെയാണുതാനും.
വിഷയത്തില്‍ തങ്ങളുന്നയിക്കുന്ന കാര്യങ്ങളൊന്നും പ്രായോഗികമല്ലെന്നുള്ളത് സി.പി.ഐക്ക് തന്നെ നന്നായറിയാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും പിന്‍ മാറാന്‍ പറാത്തതരത്തിലുള്ളതാണ് കരാറിന്‍െ ഘടന. പൊതുജനതാല്‍പര്യാര്‍ത്ഥം കരാര്‍ പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശം കേന്ദ്ര സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമാണ്. കരാര്‍ വ്യവസ്ഥകളില്‍ മാറ്റമോ പരിഷ്‌കാരമോ വേണമെങ്കില്‍പോലും കേന്ദ്രം കനിയണമെന്നിരിക്കെ കേരളം നിര്‍ദ്ദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കൊണ്ടാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതിനാല്‍ ഇനിയെന്തെങ്കിലും രീതിയിലുള്ള ഒരു പിന്‍മാറ്റത്തിനും സാധ്യമല്ലെന്നിരിക്കെ തല്‍ക്കാലം കടുത്ത അമര്‍ഷം രേഖപ്പെടുത്താനുള്ള സാധ്യത മാത്രമേ അവരുടെ മുന്നില്‍ നില്‍ക്കുന്നുള്ളൂ. അതുതന്നെയായിരിക്കും ഇന്ന് നടക്കുന്ന സംസ്ഥാന നിര്‍വാഹക സമിതിയിലും നടക്കാനിരിക്കുന്നത്. ആശങ്കയറിക്കാന്‍ മുന്നണി കണ്‍വീനറെ ബന്ധപ്പെട്ട മറ്റുപാര്‍ട്ടികള്‍ക്ക് കിട്ടിയതാകട്ടേ ഞാന്‍ നിസ്സഹായനാണെന്ന മറുപടിയും.