kerala

ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദം; പരാക്രമം കാണിച്ച് യുവാവ്

By webdesk17

February 17, 2025

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദത്തില്‍ പരാക്രമം കാണിച്ച് യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പരാക്രമം കാണിച്ചത്. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് സംഭവം. അതേസമയം അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിച്ചതായും ബൈക്കുകള്‍ അടിച്ചുതകര്‍ത്തതായും വിവരം. നെയ്യാറ്റിന്‍കര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ശേഷം പൊലീസും കളക്ടറുമെത്തി നടപടികള്‍ക്കു ശേഷം ഗോപന്റെ മൃതശരീരം പുറത്തെടുത്തിരുന്നു. ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധിക്കു പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.