കൊച്ചി: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് മലയാള സിനിമാ ലോകം കണ്ണീരോടെ വിട നല്‍കി. ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചേര്‍ത്ത് മലയാളിക്ക് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന കലാകാരനാണ് ശ്രീനിവാസനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുസ്മരിച്ചു.
‘ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടന്‍. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വ്വം പ്രണാമം ‘ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു. രണ്ടാഴ്ചയ്‌ക്കൊരിക്കല്‍ ശ്രീനിവാസെന്റ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും, കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വാക്കറിന്റെ സഹായത്തോടെ നടക്കുകയായിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ‘ സന്ദേശം ‘ എന്ന സിനിമയുടെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ സത്യന്‍ അന്തിക്കാട് വികാരാധീനനായി.
ഹാസ്യവും വിമര്‍ശനവും ചേര്‍ത്തു മലയാള സിനിമയ്ക്ക് പുതിയ ദിശ നല്‍കിയ ശ്രീനിവാസെന്റ വേര്‍പാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് സഹപ്രവര്‍ത്തകരും ആരാധകരും പറയുന്നു.