kerala

മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്തെന്ന് വ്യക്തത വരുത്താതെ അധികൃതര്‍

By webdesk17

May 28, 2025

കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. അതേസമയം അപകടകരമായ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന കാര്യത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -‘ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.