നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ നാട്. ഇഹാന്ററെ വയറ്റില്‍ പിതാവായ ഷിജില്‍ ഇടിച്ചതാണ് മരണകാരണമെന്നായിരുന്നു കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഷിജിലിന്റെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് വരുന്നത്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും ഏകമകനായിരുന്നു ഇഹാന്‍.
ജനുവരി പതിനാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞ് കരഞ്ഞെഴുന്നേറ്റ് കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എഴുന്നേറ്റ ഭാര്യ മുറിയിലെ ലൈറ്റ് ഇട്ട് കുഞ്ഞിനെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ദേഷ്യത്തിലായ ഷിജില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. കുട്ടിയെ വൃത്തിയാക്കിയ ശേഷം ഭാര്യ കുഞ്ഞിനെ കട്ടിലില്‍ കൊണ്ട് കിടത്തി. എന്നാല്‍ കുട്ടി കാരണം ഉറക്കം പോയെന്ന് പറഞ്ഞ് ഷിജില്‍ വീണ്ടും ബഹളം വെക്കുകയും ശേഷം കുട്ടിയെ മടിയില്‍ ഇരുത്തി വയറ്റില്‍ കൈകൊണ്ട് ഇടിക്കുകയുമായിരുന്നു. കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ ഷിജില്‍ ഉറങ്ങി. എന്നാല്‍ പുറമേ മുറിവ് കാണാതിരുന്നതിനാല്‍ കൃഷ്ണപ്രിയയും കുട്ടിയെ ഉറക്കുകയായിരുന്നു. അന്ന് വൈകിട്ടോടെയാണ് കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്തു. ഇക്കാര്യം ഇരുവരും പൊലീസിനോട് സമ്മതിച്ചു.
അതേസമയം കുട്ടിയെ ഷിജിലിന് ഇഷ്ടമുണ്ടായിരുന്നില്ല എന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നേരത്തെയും കൊലപാതകശ്രമം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണ്. ദമ്പതികള്‍ തമ്മില്‍ പിണക്കമുണ്ടായതിനെ തുടര്‍ന്ന് ഇടക്കാലത്ത് മാറിത്താമസിച്ചിരുന്നു. പിന്നീട് കുടുംബം ഇടപെട്ടതോടെയാണ് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.
ആദ്യം പുറത്തുവന്ന വിവരമനുസരിച്ച് സംഭവദിവസം രാത്രി എട്ടരയോടെ കുഞ്ഞിന് ഷിജില്‍ ബിസ്‌കറ്റും മുന്തിരിയും കൊടുത്തുവെന്നും പിന്നാലെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നെന്നും പറയുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരു വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചുവെന്നതില്‍ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ വയറ്റില്‍ ക്ഷതം കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.