kerala

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ രാജ്ഭവന് കൈമാറി

By webdesk13

December 22, 2022

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഒന്‍പതു ദിവസത്തിനു ശേഷമാണ് ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം പതിമൂന്നിനാണ് നിയമസഭ ബില്‍ പാസാക്കിയത്.

ചാന്‍സലര്‍ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ. ഗവര്‍ണര്‍ നിലവില്‍ രാജ്ഭവനിലില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ രണ്ടാം തീയതിയേ രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതല്‍ നിയമോപദേശം തേടുകയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ ഇതില്‍ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനില്‍ സൂക്ഷിച്ചെന്നും വരാം.