കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.
ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.
മുന്‍പ് സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്