crime

ബോംബ് നിര്‍മാണ ദൃശ്യം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By webdesk13

April 26, 2023

ബോംബ് നിര്‍മാണ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഴപ്പിലങ്ങാട് കൂടകടവ് വിവേകാനന്ദ നഗറിലെ ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ ബോംബ് നിര്‍മാണ പരിശീലനം നടത്തുകയും നടുറോഡില്‍ ബോംബറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വാട്‌സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയുള്ള പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് വിഷയത്തില്‍ നടപടികള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഒരു യുവാവ് തെങ്ങിന് പിന്നില്‍ നിന്ന് ബോംബ് കെട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. കരിങ്കല്‍ ചീളുകളും വെടിമരുന്നുകളും ദൃശ്യത്തില്‍ വ്യക്തമായി കാണാം. നിര്‍മാണത്തിന് ശേഷം 2തവണ ബോംബ് പൊട്ടിക്കുന്നതും ദൃശ്യത്തിലുണ്ട്. ബോംബ് പൊട്ടിക്കുന്ന ദൃശ്യത്തില്‍ കൂടുതല്‍ യുവാക്കളെ കാണാം. സിനിമാപ്പാട്ടിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.