kerala

സഹോദരങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

By webdesk17

October 30, 2024

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു. തളിപ്പറമ്പ് എം.സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇതിനിടെയാണ് മരണം. സാഹിര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. പനി കൂടിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്.

ഇവരുടെ താമസ സ്ഥലത്ത് ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെ നടത്തി വരികയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.