News

സഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം

By Manya

February 01, 2026

മലപ്പുറം: മയിലിനെ കാണാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ സഹോദരങ്ങളില്‍ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സമയോചിതമായി സിപിആര്‍ നല്‍കിയതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരനായ സഹോദരന്‍ രക്ഷപ്പെട്ടു.

എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ധീഖിന്റെ മകന്‍ അഹമ്മദ് നവാജ് (5) ആണ് മരിച്ചത്. അപകടം ചീക്കോട് തലക്കോട്ടയില്‍ ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ നവാജും സഹോദരന്മാരായ അഹമ്മദ് മിന്‍ഹാജും മറ്റ് കുട്ടികളും വീടിന് സമീപം കണ്ട മയിലിനെ പിന്തുടര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഓടുന്നതിനിടെ കുട്ടികള്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. റോഡിലൂടെ പോകുകയായിരുന്ന ഒരാള്‍ കിണറ്റിലിറങ്ങി ഇരുവരെയും പുറത്തെടുത്തു. പത്ത് വയസ്സുകാരനായ മിന്‍ഹാജിന് അയല്‍വാസിയായ നസിയ എന്ന യുവതി ഏകദേശം അഞ്ച് മിനിറ്റ് സിപിആര്‍ നല്‍കി. തുടര്‍ന്ന് കുട്ടി പ്രതികരിക്കുകയും ജീവന്‍ രക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ അബോധാവസ്ഥയിലായിരുന്ന നവാജിനെ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവാജ് ചാലിയപ്രം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഖബറടക്കം ഇന്ന് നടക്കും.