തൊടുപുഴ: തൊടുപുഴയിലെ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുമാറ്റാന്‍ നടപടിയില്ലെന്ന പരാതിയുമായി ആശുപത്രി അധികൃതരും വികസന സമിതിയും. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ്’ ആണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് പൊളിക്കല്‍ തടസ്സപ്പെട്ടിരിക്കുന്നത്. പൊളിഞ്ഞുവീഴാറായ ഈ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
നാല് മാസമായി പൂര്‍ണമായും അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ കയറുകെട്ടി മാത്രമാണ് തടഞ്ഞിരിക്കുന്നത്. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍ ‘അണ്‍ഫിറ്റ്’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായിട്ടില്ല. വര്‍ഷങ്ങളായി പൊളിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ആശുപത്രി വികസന സമിതി അംഗം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ദിവസേന എത്തുന്ന ആശുപത്രി പരിസരത്ത് ഏത് നിമിഷവും ഇടിഞ്ഞുവീഴാനുള്ള സാധ്യതയുള്ള കെട്ടിടം നിലനില്‍ക്കുന്നത് വലിയ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അടിയന്തര ഇടപെടല്‍ വേണമെന്നാണ് പൊതുവായ ആവശ്യം.