കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും വെടിയുണ്ട തുളച്ചുകയറിയുണ്ടായ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം വാരിയെല്ലിലൂടെ തുളച്ചു കയറിയ വെടിയുണ്ട രണ്ട് അവയവങ്ങളും തകര്‍ത്ത് പുറത്തേക്ക് പോവുകയായിരുന്നു. 6.35 mm വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം തോക്കില്‍ വെടിമരുന്നിന്റെ അംശമുണ്ടോ എന്ന് പരിശോധിക്കാനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കായതിനാല്‍ വെടിയൊച്ച പുറത്ത് കേട്ടിരുന്നില്ലെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.
സി.ജെ. റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും കോണ്‍ഫിഡന്റ് ഗ്രൂപ്പും നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം കര്‍ണാടക സി.ഐ.ഡിക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം.
‘റോയിക്ക് കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നുമില്ലായിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൂന്ന് ദിവസമായി പരിശോധനകള്‍ നടക്കുന്നുണ്ടായിരുന്നു.’സഹോദരന്‍ പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് റോയ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ രേഖകള്‍ എടുക്കാന്‍ മറ്റൊരു മുറിയിലേക്ക് പോയാണ് അദ്ദേഹം ജീവനൊടുക്കിയത്.
ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാല്‍ റോയ് യുടെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നിലവില്‍ ബെംഗളൂരു ബോറിംഗ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ കോറമംഗലയിലെ ദേവാലയത്തിലായിരിക്കും നടക്കുക.