kerala

ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ ഇന്‍സ്‌പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കം പൊളിഞ്ഞു; ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയില്‍ തോറ്റു

By webdesk14

February 24, 2025

ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ ഇന്‍സ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. ഇന്നു രാവിലെ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയില്‍ പരാജയപ്പെട്ടു. ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല.

ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് മന്ത്രിസഭാ തിരുമാനമെടുത്തത്. ദേശീയ അന്തർ ദേശീയ തലത്തിൽ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബ പശ്ചാത്തലത്തവും പരിഗണിച്ച് നിയമനം നൽകുന്നവെന്നായിരുന്നു ഉത്തരവ്. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകാൻ നീക്കം നടന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമന നീക്കം നടന്നത്. അതാണ് കായിക ക്ഷമത പരീക്ഷയില്‍ പാളിയത്.

കൊച്ചിക്കാരനായ ചിത്തരേഷ് നടേശന്‍, ദക്ഷിണകൊറിയയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലെ മിസ്റ്റര്‍ യൂണിവേഴ്സാണ്. കണ്ണൂര്‍ക്കാരനായ ഷിനു ചൊവ്വ ബോഡി ബില്‍ഡിങ് ലോക ചാപ്യംന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനാണ്. ബോഡി ബിൽഡിങ്‌ താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രം​ഗത്തെത്തിയിരുന്നു.