News

ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

By Manya

May 13, 2026

കൊച്ചി: ഏതു നിമിഷവും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ വിതരണ കമ്പനികള്‍. പാചക വാതകത്തിന്റെ വില വര്‍ധനവിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നാല്‍ അത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് നേരിട്ടുള്ള പ്രധാന കാരണമാകും. ഇതോടെ സാധാരണക്കാരന്റെ നടുവൊടിയുമെന്നുറപ്പായി.

ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത. ഇന്ധന വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയാണ്. ഡീസല്‍ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവ് കുത്തനെ ഉയര്‍ത്തും. ഇതോടെ പച്ചക്കറി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വിപണിയില്‍ വില വലിയ തോതില്‍ വര്‍ധിക്കും. നിലവില്‍ തന്നെ ജീവിതച്ചെലവ് ഉയര്‍ന്നതുമൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ജനങ്ങള്‍ക്ക് പുതിയ ഇന്ധന വിലവര്‍ധനവ് താങ്ങാനാവാത്ത സാമ്പത്തിക ഇരുട്ടടിയായി മാറും. നിലവില്‍ പച്ചക്കറികള്‍ക്ക് വില കുറഞ്ഞു നില്‍ക്കുകയാണ്. കേരളത്തിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. മണ്‍സൂണ്‍ എത്തിയാല്‍ പച്ചക്കറികളുടെ ഉല്‍പ്പാദനം കുറയും. ഇതോടെ പച്ചക്കറികള്‍ക്കായി തമിഴ്നാടിനെ ആന്ധപ്രദേശിനെയും ആശ്രയിക്കേണ്ടി വരും. ഇന്ധന വില ഉയര്‍ന്നാല്‍ ഇവിടേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ചിലവും വര്‍ദ്ധിക്കും.

അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്നുതന്നെ ആഭ്യന്തര വിപണിയെ നേരിട്ട് ബാധിക്കുമെന്ന് കേരളത്തിലെ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. വില നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവുമായി എണ്ണക്കമ്പനികള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാരിന്റെ കൂടി അന്തിമ അനുമതി ലഭിക്കുന്നതോടെ ഏതുനിമിഷവും വിലയില്‍ തീരുമാനമുണ്ടാകും. അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന പ്രത്യേക നികുതികള്‍ക്ക് പുറമെ കേന്ദ്ര നികുതി കൂടിയാകുമ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും വില വര്‍ധനവിന്റെ തോതില്‍ ഗണ്യമായ വ്യത്യാസമുണ്ടാകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ മാസങ്ങളായി വലിയ മാറ്റങ്ങളില്ലാതെ പൂര്‍ണസ്ഥിരത കൈ വരിച്ചിരുന്ന ആഭ്യന്തര ഇന്ധന വിപണിയിലേക്കാണ് വിലവര്‍ധനവെന്ന ഏറ്റവും പുതിയ പ്രതിസന്ധി കടന്നെത്തുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ആഹാരങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഫഷണല്‍സ്, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ വില വര്‍ദ്ധനവ് രൂക്ഷമായി ബാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളാണ് വില വര്‍ധനവിനും വിലകയറ്റത്തിനും കാരണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. വിലക്കയറ്റ ഭീതിയില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി ആശങ്കയോടെ കാത്തിരിക്കുകയാണ് സാധാരണ ജനങ്ങള്‍.