kerala

മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നു; മാത്യു കുഴല്‍നാടന്‍ എംഎല്‍എ

By webdesk18

October 11, 2025

മുഖ്യമന്ത്രിക്കെതിരെ രുക്ഷവിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തില്‍ പൂച്ചയായി. മകന് ഇഡി സമന്‍സ് അയച്ച വിഷയം മുഖ്യമന്ത്രി ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തില്‍ തുടരുന്നതെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.

സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആജ്ഞാനുവര്‍ത്തിയായി പിണറായി മാറിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പിണറായിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യിക്കുന്നു. ഇത് മകനും മകള്‍ക്കും നേരെ ഇട്ടിരിക്കുന്ന കുരുക്കിന്റെയും കൊളുത്തിന്റെയും പേരിലാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

എല്ലാ വിഷയത്തിലും വലിയ വായില്‍ സംസാരിക്കുന്ന മന്ത്രിമാരൊക്കെ മാളത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിയെ ന്യായീകരിച്ച് സിപിഎം എന്ന പാര്‍ട്ടി ഇല്ലാതാവുന്ന അവസ്ഥയാണ് കേരളത്തില്‍ കാണുന്നത്. സിപിഎം അസ്തമിക്കുന്ന നാളുകള്‍ അടത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.