kerala

‘കളക്ടര്‍ പറയുന്നത് നുണ’: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

By webdesk17

October 31, 2024

എഡിഎം കെ നവീന്‍ ബാബുവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറയുന്നത് നുണയാണെന്നും നവീന്‍ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.

പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയതെന്നും ജീവനക്കാരോട് നല്ലരീതിയില്‍ പെരുമാറാത്ത ആളാണ് കളക്ടറെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബു തനിക്ക് തെറ്റ് പറ്റിയെന്ന് പറയാന്‍ സാധ്യതയില്ലലെന്നും മഞ്ജുഷ വ്യക്തമാക്കി. കണ്ണൂര്‍ കളക്ടറേറ്റിലേ ജീവനക്കാര്‍ കളക്ടര്‍ പറഞ്ഞത് വിശ്വസിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യാത്രയയപ്പ് ചടങ്ങ് നടന്ന ദിവസം നവീന്‍ ബാബു തന്നോട് സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും കളക്ടര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നല്‍കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പ്രത്യേക അന്വേഷണസംഘം ഇതില്‍ ഇന്ന് തീരുമാനം എടുത്തേക്കും.