മലപ്പുറം: യു.ഡി.എഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ ആവശ്യമായിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ-ഓഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്. മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.
വയനാട് പുനരധിവാസമുള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനം നല്‍കിയ വിജയത്തിന് പകരമായി ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചു നല്‍കണം. ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യു.ഡി.എഫ് എന്നും തങ്ങള്‍ പറഞ്ഞു. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും കഠിനാധ്വാനവുമായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്കും ജനാധിപത്യ പ്രക്രിയ മനോഹരമാക്കിയവര്‍ക്കും നന്ദി പറയുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.