ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാര്‍ഗം അയല്‍രാജ്യങ്ങളായ അര്‍മേനിയയിലേക്കും തുര്‍ക്ക്‌മെനിസ്ഥാനിലേക്കും മാറ്റാനാണ് ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം ഏകദേശം ഒന്‍പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനില്‍ ഉള്ളത്.
ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്‌റാന്‍, കോം എന്നീ നഗരങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്.
ആദ്യഘട്ടമായി ടെഹ്‌റാനില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വ്യോമഗതാഗതം ലഭ്യമല്ലാത്തതിനാല്‍ കരമാര്‍ഗം സുരക്ഷിതമായ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പുറമെ ഷിയ വിഭാഗത്തില്‍പ്പെട്ട തീര്‍ഥാടകരും നാവികരും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെഹ്‌റാനില്‍ ഉള്‍പ്പെടെ വ്യോമാക്രമണം തുടരുകയാണെന്നും സംയുക്താക്രമണത്തില്‍ മരണം 1332 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.