ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടറുടെ ഭാര്യയും അറസ്റ്റിലായി. ചിന്ദ്വാരയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ സോണിയുടെ ഭാര്യ ജ്യോതി സോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടികള്‍ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയില്‍ നിന്ന് അവര്‍ക്ക് 27 ശതമാനം കമ്മീഷന്‍ ലഭിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ആകെ 25 കുട്ടികള്‍ ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ഇവരില്‍ ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണങ്ങള്‍ക്ക് കാരണമായ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌നെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ കോള്‍ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്‍പ്പനയും വിതരണവും നിരോധിച്ചു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍, സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍ എന്ന അത്യന്തം വിഷാംശം അടങ്ങിയിട്ടുണ്ടന്ന് കണ്ടെത്തി. ഗുണനിലവാരമില്ലാത്ത മരുന്നാണിതെന്ന് തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി കുട്ടികളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കേരളവും കോള്‍ഡ്‌റിഫ് കഫ് സിറപ്പിന്റെ വില്‍പ്പനയും വിതരണവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.