india

പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്; രണ്ട് മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

By webdesk13

March 05, 2025

രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ മാതാവാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്’ വിളിപ്പിച്ചു കൊണ്ടാണ് പൊലീസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലീസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകള്‍ രണ്ട് യുവാക്കളെ മര്‍ദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ ബാല്‍കിഷന്‍ സഹായി സന്ദീപ് എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതില്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാല്‍കിഷന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയാണ് പല്‍വാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കനാലില്‍ തള്ളുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തില്‍ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പല്‍വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വര്‍മ പറഞ്ഞു. കേസില്‍ ആകെ 11 പ്രതികളാണുള്ളതെന്നും പല്‍വാള്‍, ഗുരുഗ്രാം, നുഹ് ജില്ലകളില്‍ നിന്നുള്ള ദേവരാജ്, നിഖില്‍, നരേഷ്, പവന്‍, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.