ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിന്‍ വീണ് 28 മരണം. ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്കാണ് അപകടമുണ്ടായത്. നഖോണ്‍ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തവേ ക്രെയിന്‍ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്ലന്‍ഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിക്കായാണ് ക്രെയിന്‍ സ്ഥാപിച്ചിരുന്നത്. അപകടത്തില്‍ ട്രെയിനിന്റെ ചില കോച്ചുകള്‍ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.
വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്ലന്‍ഡ് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.