kerala

കലാ മാമാങ്കത്തിന് തിരശ്ശീല വീണു; കോഴിക്കോടിന്റെ മഹോത്സവമായി കേരള സ്‌കൂള്‍ കലോത്സവം മാറിയെന്ന് പ്രതിപക്ഷ നേതാവ്

By webdesk13

January 07, 2023

അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തിൽ പുതിയ ഏടുകൾ തീർത്താണ് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയത്.

കേരള സ്‌കൂള്‍ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും കലോത്സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. പരാതികളുയരാത്ത തരത്തിൽ മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് മന്ത്രിമാർ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തൻ ആശയം കൈകൊണ്ടത്. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.

വേദികളുടെ പൂർണ്ണ നിയന്ത്രണം അധ്യാപികമാർക്ക് നൽകി കലോത്സവത്തിൽ പുതുചരിത്രം രചിക്കാൻ കോഴിക്കോട് നടന്ന കേരള സ്കൂൾ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിംഗ് ഉൾപ്പെടെ 24 വേദികളിലും അവർ നിറഞ്ഞു നിന്നു. ശിൽപം, മണൽ ശില്പം, ഗിറ്റാർ ആകൃതിയിലുള്ള കൊടിമരം, തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വെച്ചത്.